Monday, July 5, 2010

എന്‍റെ പ്രണയത്തിന്..... സ്നേഹപൂര്‍വ്വം

പ്രിയേ .... 
വികാരപ്പുകമണച്ചുവപ്പാര്‍ന്ന നിന്നധരത്തടിപ്പുകളില്‍ പ്രണയത്തുള്ളികളെ തേടിയലഞ്ഞ നിശാകാമുകനായിരുന്നു ഞാന്‍. കരിങ്കറുപ്പാര്ന്ന നിന്‍ കൃഷ്ണമണിഗോളങ്ങള്‍ തേടിയിരുന്നത് എന്തിനെയരുന്നു? മഴത്തുള്ളികളില്‍ മഴവില്ല് ചാലിച്ച മണ്ഡൂകസ്വരത്താരാട്ടില്‍ മതിമറന്നാടുന്ന ആകാശഭംഗിയോ?
നിലാവിന്റെ നീലത്തേരില്‍ ഭൂമിയില്‍ വിരുന്നെത്തി തിരിച്ചുപോയൊരു കൊള്ളിയാന്‍ വെട്ടമോ? വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ചിത്രങ്ങള്‍ക്കൊപ്പം മനസ്സും ചിതലരിക്കുമ്പോള്‍ നിലക്കാത്ത പ്രതീക്ഷയായി, ഒരു ആശ്വാസമഴയായി നീയെന്തിനാണ്‌ വീണ്ടുമെത്തുന്നത്?


അന്വേഷണങ്ങളില്‍ എന്നില്‍ പുതിയ മാറ്റങ്ങള്‍ ഒന്നും ആരും കണ്ടെത്തിയില്ല. പക്ഷെ എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു. എനിക്കോ എന്‍റെ മനസ്സിനോ, അല്ലങ്കില്‍ എന്‍റെ ചിന്തകള്‍ക്കോ ആവാം. വികലമായ പലതിനെയും ഉപേക്ഷിക്കാറായിരുന്നു. ഞാന്‍ എനിക്ക് വേണ്ടി മാത്രം എഴുതിത്തുടങ്ങി. ഒരു ശലഭം പ്യൂപ്പ ആകുന്നതു പോലെ എന്നെ അന്തര്‍മുഖനാക്കിയതും നിലാവിനെ കൂടുതല്‍ സ്നേഹിക്കാനും പ്രേരിപ്പിച്ചത് ഒരേ ഒരു വികാരമാണ്, പ്രണയം. ഒരു അഗ്നി വലയം പോലെ എന്നെ അതു പൊതിയുകയായിരുന്നു. നിന്നെ എന്നിലേക്ക്‌ വലിച്ചടുപ്പിച്ച ഒരു ആകര്‍ഷണ വലയം. ഇനി നമുക്ക് പ്രണയിക്കാം. കണ്ണും മൂക്കുമില്ലാതെ. മഴയെപ്പോലെ ഭൂമിയെ തഴുകിയൊഴുകാം. നിലക്കാത്ത വികാരച്ചാലുകളായി നമുക്കൊന്നിച്ച്‌ ഒഴുകിയകലാം. ഇനിയും കാണും കാണാതിരിക്കാനാവില്ലല്ലോ? എന്‍റെ തടവുകാരിയായ് വീണ്ടും പുലരാത്ത പുലരിക്കായി നീ കാത്തിരിക്കുന്നത് എന്തിനാണ്? നമുക്ക് കുറച്ചിട നേരം നടക്കാം. പ്രണയം കൈമാറി ഈ വാകമരച്ചോട്ടില്‍ അല്‍പ നേരം നില്‍ക്കാം. ഒരുനിമിഷത്തേക്ക് എല്ലാമൊന്നു മറക്കാം. നനുത്ത വിറയലോടെ തേന്‍ വഴിയുന്ന ചുണ്ടുകളെ ഒന്നിപ്പിക്കാം.

ഞാന്‍ നിറച്ച പ്രണയത്തിന്റെ നിറ കുടങ്ങളില്‍ നിന്നോഴുകിയൊലിച്ച വികൃത സ്വപ്നങ്ങളില്‍ എന്നും നീയുണ്ടായിരുന്നു. ഒരിക്കലും വറ്റാത്ത പുഴ പോലെ നീയൊഴുകി, പ്രളയ പ്രവാഹത്തില്‍ നുരഞ്ഞു പൊങ്ങിയ നീര്‍ക്കുമിളകളായി നിന്നെ പുണര്‍ന്നു ഞാനും. ഒഴുകിയകലുന്നത് ഒരിടത്തേക്ക് തന്നെ, എന്‍റെ (നിന്റെയും) പ്രണയത്തിന്റെ സാഗര ശവകുടീരത്തിലേക്ക്. അവിടെ പ്രണയം കൈമാറി നമുക്കല്‍പം വിശ്രമിക്കാം. 

ഈ ഇടവഴിയിലാണ് നാം അവസാനം കണ്ടത്... നമ്മുടെ ലോകം രണ്ടു വ്യത്യസ്ത തലങ്ങളില്‍ ആണെന്ന് മനസ്സിലാക്കിയത് ദാ ഈ മരത്തണലില്‍ പരസ്പരം കൈ കോര്‍ത്ത്‌ നിന്നപ്പോഴും, രണ്ടു നിലവിളികളുടെ ദൂരം.
അന്ന് കണ്ണിണ തുളുമ്പി നീ നില്‍ക്കുമ്പോള്‍ എന്‍റെ മുഖത്ത് ചാരിദാര്ധ്യത്തിന്റെ അഹങ്കാരമുണ്ടായിരുന്നോ? നിശയും നിലാവും നീലചായത്തില്‍ പൊതിഞ്ഞു നില്‍ക്കുമ്പോള്‍ നിന്റെ കണ്ണീര്‍ത്തുള്ളികളെ ഞാന്‍ കണ്ടതേയില്ല. നീയും എന്നെപ്പോലെ സ്വതന്ത്ര മനസ്സോടെ ചൊല്ലുമെന്ന് വെറുതെ ആശിച്ചു. വലിഞ്ഞു മുറുകിയ ചങ്ങലകളില്‍ കിടന്നും നീ എന്നെ നോക്കി ചിരിച്ചതിന്റെ കാരണം എനിക്കിന്നും അറിയില്ല. വീണ്ടും കാത്തിരിക്കാംഎന്നോ അതോ ഇനി ഒരിക്കലും കാണില്ലന്നോ?
ഇതുവരെ നമ്മുടെ വഴികള്‍ കൂട്ടിമുട്ടിയില്ല. നാളെ നാം വീണ്ടും കണ്ടുമുട്ടും. അതേ മരച്ചുവട്ടില്‍ പ്രണയം കൈമാറാന്‍, വീണ്ടും ഒന്നിക്കാന്‍,തെറ്റുകള്‍ പരസ്പരം ഏറ്റു പറയാന്‍... 

ഞാനും നീയും നിലാവിന്റെ നീലിമയില്‍ അലിഞ്ഞില്ലാതാവാന്‍ പോകുന്നു. അതിനിടയില്‍ നീ എന്നില്‍ ഉപേക്ഷിച്ച പ്രണയത്തിന്റെ കഷ്ണത്തെ ഒരു നോക്ക് കാണണം. ഇനിയും തിരിച്ചുപോകണം. എന്‍റെ ഓര്‍മ്മകളിലേക്ക്. അവിടെ നിന്ന് യാഥാസ്ഥിതിക ലോകത്തേക്ക് മിഴി തുറക്കുമ്പോള്‍ നാം വെറും മണല്‍ത്തരികള്‍ ആണെന്ന് തോന്നി. പ്രപഞ്ച സത്യങ്ങളുടെ ഭീകര ഗര്‍ത്തങ്ങളില്‍ നാം തടവിലായിരുന്നപ്പോഴും നിശബ്ദ താഴ്വരകള്‍ എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നില്ല.... ഇനിയും പ്രതീക്ഷകള്‍ ഇല്ല. എങ്കിലും ഞാനും ഇവിടെ കാത്തിരിക്കുന്നു. നിനക്കായി, നിന്റെ ഓര്‍മ്മകള്‍ക്കായി.....

Saturday, January 23, 2010

ചോദ്യങ്ങള്‍ .....

നിശബ്ദതാഴ്‌വരകളേ നിങ്ങളെനിക്ക്‌,
നക്ഷത്ര ശാന്തിയുടെ ശീലയില്ലാക്കുട തരുമോ?

നിശബ്ദതാഴ്‌വരകളേ നിങ്ങളെനിക്ക്‌
സ്വപ്നകൂടാരത്തിൻ മൂടുപടം തരുമോ?

നിശബ്ദതാഴ്‌വരകളേ നിങ്ങളെന്റെ
കളഞ്ഞുപോയ ശൂന്യമനസ്സിനെ തിരികെ തരുമോ?

ഇനിയും ചോദ്യങ്ങളായിരം ബാക്കിയുണ്ട്‌
കഥാഗതിക്ക്‌ നിരക്കാത്തവ...

നിങ്ങൾ നിരാശരെങ്കിൽ,
ഉത്തരങ്ങൾ നിശബ്ദമല്ലെങ്കിൽ അവ ഞാൻ പങ്കുവയ്ക്കാം...

അപ്പോൾ നാം തുല്യർ
തുല്യർക്കിടയിൽ കൂടുതൽ തുല്യർ.

കുറച്ചിടനേരത്തേക്ക്‌ എല്ലാമൊന്നോർക്കാം,
ഭ്രാന്തമായി നമുക്കാർത്തു ചിരിക്കാം.

അൽപനേരം പരസ്പരം മറക്കാം
നിസ്സ്വനത്തിലലിഞ്ഞ സുഗന്ധിയായലയാം.

കർണ്ണപഥത്തിൽ പതിച്ച സ്വരകണിക പോൽ
നിരാശയിൽ കുളിച്ച മുഖത്തെ പറിച്ചെറിയാം.

വരുന്നോ എന്റെ ബഹുവർണ്ണ ലോകത്തേക്ക്‌,
വന്നാൽ ഞാൻ നിങ്ങൾക്ക്‌ എന്റെ കഥ തരാം
ഒരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ തിരക്കഥ.
.......................
സ്വന്തം നിരാന്‍.

Thursday, October 22, 2009

ഇതോ എന്റെ സ്വാതന്ത്ര്യം!


തടവുകാരനാണ് ഞാന്‍...
നിലവും പ്രകശവുമാന്യം
ഉച്ച്വാസ വായു താന്‍ സൌഭാഗ്യം.


തടവുകാരനാണ് ഞാന്‍...
നിരര്‍ത്ഥക ചിന്തയും
കളിമണ്‍ കോട്ടകളും സ്വന്തം.


തടവുകാരനാണ് ഞാന്‍...
നാല് ചുവരുകളും വാതിലും
പിന്നെയൊരു സംഖ്യയും...ഞാന്‍.


തടവുകാരനാണ് ഞാന്‍...
ആട്ടും തുപ്പും തെറിവിളി ശകാരങ്ങളും
ഭാവിയിലെത്തേണ്ട കഴുമരവും സ്വപ്നം.


തടവുകാരനാണ് ഞാന്‍...
അപൂര്‍ണ്ണമായൊരസ്തമയം
നിലവില്ലാത്ത രാത്രികള്‍ ... നിശാന്ധന്‍ ‍.

[കൊലമര യാത്രക്കു ശേഷം]

ഇനി തടവുകാരനല്ല ഞാന്‍...
സ്വാതന്ത്ര്യം ശുദ്ധവായു
എല്ലാമെനിക്കു സ്വന്തം.


ഇന്ന് തടവുകാരനല്ല ഞാന്‍...
ശുഭ്ര വസ്ത്രം അശരീരം,
നിശബ്ദന്‍ നിരാശന്‍ ഞാന്‍....
[ഈ ഭൂമിയില്‍ ഒരു മഞ്ഞുതുള്ളി പോലും ആകാതെ കളമൊഴിഞ്ഞ എന്‍റെ സാഹചരന്മാര്‍ക്ക്, സഹജീവികള്‍ക്ക് എന്‍റെ ബാഷ്പാഞ്ജലി]
...........................നിരാന്‍

Wednesday, October 7, 2009

പ്രണയ ലേഖനം


എന്‍റെ, എന്‍റെ മാത്രം പ്രണയിനിക്ക്,
ഞാന്‍ നിനക്കെഴുതുന്ന മൂന്നാം പ്രണയലേഖനം. എന്തെഴുതണമെന്നറിയില്ല... മുന്‍പ് നൂറുതവണപറഞ്ഞത് തന്നേ വീണ്ടും പ്രണയത്തെപ്പറ്റി.
.
..........നിലാവില്‍ നേര്‍ത്ത മഞ്ഞുതുള്ളി പോലെ നിശാഗന്ധിപ്പൂവിന്റെ സുഗന്ധവുമായി നീയെന്റെ അടുത്ത് വന്നു. പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ . പ്രണയം അണപൊട്ടി ഒലിച്ചുവീണുകൊണ്ടിരുന്നു. നൈമിഷികമാണ് നമ്മുടെ ജീവിതം. അടുത്ത പകല്‍ നിന്റെ മരണമാണ്. വീണ്ടും രാത്രിയില്‍ പൂക്കളുമായി നീ വരും, ഇത് പ്രതീക്ഷയാണ്. നിലാവും നക്ഷത്രങ്ങളും രാത്രിയെ സുന്ദരിയാക്കാന്‍ ശ്രമിക്കുന്നത് നീ കാണുന്നില്ലേ? ഇന്ന്, നിമിഷം നിന്നെ ഞാന്‍ മാത്രം കാണുന്നു, അറിയുന്നു, സ്പര്‍ശിക്കുന്നു. നിന്റെ ഓരോ വാക്കും വെണ്ണയുടെ സ്നിഗ്ധതയാകുമ്പോള്‍ നിന്റെ അഴക്‌ നിലാവുള്ള ആകാശത്തേക്കാള്‍ മനോഹരമാകുന്നത്‌ കാണാന്‍ ഞാന്‍ മാത്രം....
.......നീ അനാധയാണിനി...ഞാനും... എല്ലാം ഓര്‍ക്കുക. ഓര്‍മ്മയില്‍ ജ്വലിക്കനാണ് എനിക്കിഷ്ട്ടം സ്മരണകളുറങ്ങും ലോകത്ത് മരിക്കാനും. നിരാശയുടെ നിശബ്ദമായ പേടകത്തില്‍ നീയിന്നു തടങ്കലിലാണ്. പകല്‍ , അതൊഴിഞ്ഞാല്‍ വീണ്ടും പൂക്കമെന്ന പ്രതീക്ഷ മാത്രം ബാക്കി. എന്നും രാത്രി നിന്നെ കാണാന്‍ ഞാന്‍ എത്തും... ഇത് പ്രതീക്ഷയാണ്... രാത്രികള്‍ പകലുകളാവാന്‍ മത്സരിച്ചു. ഞാന്‍ എല്ലാ രാത്രിയും ആലോചിക്കും രാത്രി, ഇത് മാത്രം തീരാതിരുന്നെന്കില്‍ എന്ന്
കാറ്റ് മെല്ലെ നമ്മെ തഴുകി. നമ്മെ മാത്രമോ? നമ്മുടെ പ്രണയത്തെയും... പ്രണയം നാം പങ്കു വച്ചു നൂറ്റാണ്ടുകള്‍ , പ്രണയം മാത്രം... അതിരുകളില്ലാത്ത പ്രണയത്തിന്റെ വാക്താക്കളായി നാം. "അതിരുകളില്ലാത്ത പ്രണയം തിരിച്ചു പ്രതീക്ഷിക്കുന്നത് പ്രണയം മാത്രം അതിരുകളുള്ളതോ സ്വന്തം പ്രണയഭാജനത്തെ സ്വന്തമാക്കാനാഗ്രഹിക്കുന്നു" ഖലീല്‍ ജിബ്രാന്‍ പറഞ്ഞതിതാണ്. പ്രണയത്തിന്റെ പ്രവാചകന്‍, മനസ്സിന്റെ ഇരുന്ടിടുങ്ങിയ വഴികളില്‍ പ്രണയത്തിന്റെ പ്രകാശവുമായി വഴികാട്ടിയ പ്രവാചകന്‍ തന്നേ ആയിരുന്നു ജിബ്രാന്‍
..............മണല്‍ത്തരികളായിരുന്നു നാം. യുഗാന്തരങ്ങളുടെ നിസ്വനക്കാറ്റില്‍ നാം പിരിഞ്ഞതും. വീണ്ടും ഇവിടെ ഭൂമിയില്‍ അതേ മണല്‍ത്തരികളായി കണ്ടുമുട്ടാന്‍ കഴിഞ്ഞതും നിയോഗം മാത്രമാവാം . ഇനി മഴയാണ് ഓര്‍മ്മയുടെ മഴ അതു തീച്ചയായും നമ്മെ, നമ്മുടെസ്വപ്നങ്ങളെ നിഷ്ക്കരുണം തകര്‍ത്തെറിയും നിരാശരായി നാം ഒഴുകിയകലും. എങ്കിലും പ്രതീക്ഷ ബാക്കി. നിലാവിന്റെ തീരത്ത് വീണ്ടും ഇതേ മണല്‍ത്തരികളായി കണ്ടു മുട്ടാമെന്ന പ്രതീക്ഷ...
....ഇനി കുറെ നാള്‍ വിരഹമാണ്, കണ്ണീരിലലിഞ്ഞില്ലാതാവുന്ന വിരഹം. കണ്ണുനീര്‍ത്തുള്ളികള്‍ അവ മിഴിയോരത്ത്‌ കൂടിയോഴുകിയൊരു പുഴയായി...പ്രളയമായി. നാം പ്രളയത്തില്‍ വീണ്ടും ചിലപ്പോള്‍ ഒരുമിക്കാം..ഇതും പ്രതീക്ഷ മാത്രം...ഇനി ഒരു കാറ്റാവാം പ്രളയതാളത്തിന്റെ വേഗം കൂട്ടാന്‍.. എന്‍റെ(എന്റെമാത്രം) പ്രണയ സാഫല്യതിനായി മുന്നേറട്ടെ ഞാന്‍..
...... സഖീ വീണ്ടും കാണാം എന്ന് പറയില്ല... ശബ്ദവും വേണ്ട... പക്ഷെ എന്നും നിന്റെ അക്ഷരങ്ങളെ വേണം... നിന്നേക്കാള്‍ നിന്റെ രൂപത്തെക്കാള്‍ ഞാന്‍ നിന്റെ അക്ഷരങ്ങളെ പ്രണയിച്ചു. നിന്റെ മനസ്സാണിത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.. നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു
.............പ്രതീക്ഷകളോടെ സ്വന്തം നിരാന്‍

Sunday, August 9, 2009

ഞാന്‍.....മരണം........പുനര്‍ജനനം............

ജീവിത ഭിക്ഷാ ഭാണ്ഡവും പേറി
നടന്നൂ നിലയ്ക്കാത്ത നിരത്തുകളിലൂടെ ഞാന്.
ഒടുവില്‍ ബോധത്തിന്‍ വെളിച്ചം ,
വെളിച്ചം കറുപ്പോ???
കറുപ്പ്- അവിശുധിയുടെ ചിഹ്നം .
ഞാനും അവിശുദ്ധന്‍ തല്ഫലം.
കാലം ചെകുത്താനാക്കിയ ഞാന്
കറുപ്പ് അവിശുധിയാക്കിയ സമൂഹം.

വെളിച്ചമെങ്ങനെ വിശുധമാവും?
വെളുപ്പെങ്ങനെ ശുദ്ധമാവും!
വിവേകമില്ലാത്ത എന്‍ സമൂഹത്തില്‍
വിവേകാനന്ദനായി ഞാന് വന്നു.
വീണ്ടുമൊരു ഭ്രാന്താലയമായി
എന്റെ നാട് എന്റെ കേരളം
വീണ്ടുമൊരു നബിയായ് ബുദ്ധനായ്‌
യേശുവായ്‌ ജനിച്ചു ഞാനീ നാട്ടില്‍.
തല തെറിച്ചയെന്‍ സമൂഹത്തിനു
വേദാന്ദമൊതുക ലക്ഷ്യമാക്കി
എന്നെ തടഞ്ഞത് കാമമോ മോഹമോ
അതോ കല്ലില്‍ കരിഞ്ഞ വികാരങ്ങളോ ?
ഒരുവട്ടം കൂടി ജനിപ്പിക്കൂ എന്നെ ജനനീ
എനിക്ക് ജയിക്കണം ഇതുവരെ ജയിച്ചവരെ..........

Saturday, July 25, 2009

ഇനി നീയാണ് ഒരുങ്ങുക

ഇത്‌ ഒരു ആത്മഹത്യാക്കുറിപ്പായിരുന്നു . എഴുതാന്‍ ഒന്നുമില്ല "ഞാന്‍ പോകുന്നു അത്രമാത്രം " ആര്‍ക്കും വേണ്ടിയല്ലാരുന്നു ഇത്. ഞാന്‍ ഒരനാധനായിരുന്നു ,അന്നും ഇന്നും എന്നും. സ്വന്തം കുഴിമാടം ഞാന്‍ കുത്തി , മാത്രമല്ല പുതു വസ്ത്രം ,സുഗന്ധികള്‍ ........ എല്ലാം കൊണ്ടും രാജകീയം . ഇനി കുഴിചിടുന്നവര്‍ക്കായി കുറെ രൂപ അത്രയേ ബാക്കിയുള്ളൂ. എല്ലാ കടങ്ങളും വീട്ടിയിരിക്കുന്നു . കയര്‍ എന്റെ വിധി പുസ്തകത്തിലെ ആശ്ചര്യ ചിഹ്നമായി തൂങ്ങിയാടി മനസു മുഴുവന്‍ സുഗന്ധം നിറച്ചു ഞാന്‍ തയ്യാറായി മെല്ലെ വേദനകളില്ലാത്ത ലോകത്തേക്കുള്ള യാത്രക്കായ്‌ ...............

ഒരു സംശയം ബാക്കി ഞാന്‍ എന്തിന് മരിക്കണം . ഒടുക്കത്തെ ചോദ്യം. ജീവിക്കാന്‍ ഒരു കാരണവുമില്ല അതിനാല്‍ മരിക്കുന്നു ........ കൊള്ളാം നല്ല ഉത്തരം ........... എവിടുന്നൊപ്പിച്ചു?? ഇനി ചോദ്യങ്ങള്‍ വേണ്ട പോകാം കാമവും കോപവുമില്ലാത്ത ഓര്‍മ്മയും ഭാവിയുമില്ലാത്ത ലോകം അതാ തുറന്നു കിടക്കുന്നു. ഞാന്‍ തൂങ്ങി ,തൂങ്ങിയാടി. നിലച്ചു ഹൃദയവും ശരീരവും. ചലനവും ചൂടുമറ്റ എന്റെ ശരീരത്തെ ഞാന്‍ തിരിഞ്ഞു നോക്കി "ഛീ ഇത്രക്ക് വികൃതമോ?" ഞാന്‍ ചത്തു അല്ല കൊന്നു

മൂന്നു ദിനം കഴിഞ്ഞു . നാടെന്നെ മണത്തു. അവര്‍ വീട്ടിലെത്തി. ചിലര്‍ പൂട്ട് പൊളിച്ചു. മറ്റു ചിലര്‍ അറച്ചു നിന്നു , എന്റെ കട്ടിലിനു ചുറ്റും അവര്‍ കൂടി നിന്നു . ചിലര്‍ പണം വാരി. താമസിയാതെ എന്റെ വീട് ശൂന്യമായി പക്ഷെ ഞാന്‍ താഴെയെത്തിയില്ല അവര്‍ വീട് പൂട്ടി, ഇതു സ്വപ്നമോ?............. അല്ല യാഥാര്‍ദ്ധ്യം........
ഇതുവരെയുള്ളത് മിഥ്യ . ഞാനിവിടെ എന്റെ വീട്ടില്‍ എനിക്ക് കാവല്‍ കിടന്നു. എന്നെ പുഴുക്കളരിച്ചു.അവ ശലഭങ്ങളായി വീണ്ടും പുഴുക്കളും ശലഭങ്ങലുമായി. തൂങ്ങിയ ഞാന്‍ നിലംപതിച്ചു..വര്‍ഷങ്ങള്‍ ഞാന്‍ പ്രേതാലയത്തില്‍ കുത്തിയിരുന്നു,എനിക്ക് കൂട്ടായ്.......പിന്നെ ഞാന്‍ ചിതലായ്‌ മഴയായ്‌ മണ്ണായ്‌ പോടിയായ്‌ കാറ്റായ്‌ ................. വീണു ഒടിഞ്ഞു തകര്‍ക്കുന്നു.
.................................. ഇന്നെന്റെ സമൂഹം എന്നെപോലെ സ്വന്തം ശവത്തിനു കാവല്‍ ഇരിക്കുന്നു ................. ഇനി നീയാണ് ഒരുങ്ങുക.............................

Thursday, July 23, 2009

അവള്‍ വിളിക്കുന്നു........


സന്ദ്രമാമിരുട്ടിന്‍ മുഖംമൂടിയണിഞ്ഞവളും
യാത്രയായ്‌ ഇരവിന്റെ ലോകം കാണാന്‍.
വിരഹാര്‍ദ്രമാകുന്നീരാത്രികള്‍ നിന്നഭാവം
തീര്‍ത്തയീ കരിങ്കല്‍ കോട്ടയില്‍ .
ഓര്‍മയില്‍ നിന്മുഖം തെളിയുന്നു
ലഹരിക്കൂരമ്പ് കണ്ണിനെ തളര്ത്തുമ്പോഴും.
രക്തം തിളക്കുന്നു,ഞരമ്പ്‌ മുറുകുന്നു,
വികൃതമാം വിധിയെ തളക്കുവാനായ്‌ .
രക്തം തിളച്ചെന്‍ ഹൃദയമുരുകുന്നു,
ഞരമ്പ്‌ മുറുകി ഞാന്‍ വിറച്ചു വീഴുന്നു.
ഇന്നെന്റെ രക്തം വീഞ്ഞാവുമെങ്കിലും
എന്റെ ഹൃദയം അപ്പമാവുമെങ്കിലും
ഞാനിവിടേകനാണീ ഭൂമിയില്‍
ശിഷ്യഗണമില്ലതേറ്റു വാങ്ങാന്‍.
ഓര്മ തികട്ടി വരുന്നൂ ചെയ്തികള്‍ ,
തെറ്റുകള്‍ - അതിലൊന്ന് അവളും
അവളൊരു തെരുവ് വേശ്യ
വിശപ്പാല്‍ മടിക്കുതഴിക്കേണ്ടി വന്നവള്‍ .
അവളുടെ സ്നേഹം കപടമാല്ലരുന്നു.
അവള്‍ ഒന്നിനെയും സ്നേഹിച്ചിരുന്നില്ല.
അവളെന്‍ പ്രണയിനി അല്ലാരുന്നെന്കിലും
ചിലപ്പോള്‍ ഞാന്‍ അവളെ പ്രണയിച്ചിരുന്നു.
ഇന്നവളൊരു ശൂന്യത,ഇരുട്ട് , വെളിച്ചം?
ശൂന്യതയാണിന്നോര്‍മ്മകളായത്‌.
ഓര്‍മയില്‍ ജ്വലിക്കനാണ് എനിക്കിഷ്ട്ടം .
സ്മരണകള്‍ ഉറങ്ങും ലോകത്ത് മരിക്കാനും.
പക്ഷെ ഞാനിന്നേകനാണെന്നത്
മരണ സമാന സത്യമായ്‌ ഭാവിച്ചുപോയ്‌ .
ഓര്‍മ്മകള്‍ ശക്തി ക്ഷയിപ്പിക്കുന്നു
ഇന്നോര്മകള്‍ വികൃത ദുസ്വപ്നങ്ങള്‍.
അന്ത്യം കാത്തു കിടന്നൂ ഞാന്‍
അതാ വീണ്ടും ഓര്‍മയുടെ തിരയിളക്കം.
അവള്‍ , ആ കണ്ണുകള്‍ , വിയര്‍പ്പിന്‍ ഗന്ധം,
പിന്നെ നിലച്ച
സീല്‍ക്കാര ശബ്ദവും.
പക്ഷെ ഇന്നിരുട്ടിനു പകരം പ്രകാശമാണ് ,
നിര്‍വികാരതക്കു പകരം പൊട്ടിച്ചിരിയാണ്
കണ്ണീരിനു പകരം തീജ്വാലയും...
അവളുടെ കണ്ണ് നിറയെ ,കരളുനിറയെ
സ്നേഹമാണ് , പ്രണയമാണ്
അവളതാ വിളിക്കുന്നു എനിക്ക് പോകാന്‍
നേരമായ്‌ ...................വിട.........................