Thursday, October 22, 2009

ഇതോ എന്റെ സ്വാതന്ത്ര്യം!


തടവുകാരനാണ് ഞാന്‍...
നിലവും പ്രകശവുമാന്യം
ഉച്ച്വാസ വായു താന്‍ സൌഭാഗ്യം.


തടവുകാരനാണ് ഞാന്‍...
നിരര്‍ത്ഥക ചിന്തയും
കളിമണ്‍ കോട്ടകളും സ്വന്തം.


തടവുകാരനാണ് ഞാന്‍...
നാല് ചുവരുകളും വാതിലും
പിന്നെയൊരു സംഖ്യയും...ഞാന്‍.


തടവുകാരനാണ് ഞാന്‍...
ആട്ടും തുപ്പും തെറിവിളി ശകാരങ്ങളും
ഭാവിയിലെത്തേണ്ട കഴുമരവും സ്വപ്നം.


തടവുകാരനാണ് ഞാന്‍...
അപൂര്‍ണ്ണമായൊരസ്തമയം
നിലവില്ലാത്ത രാത്രികള്‍ ... നിശാന്ധന്‍ ‍.

[കൊലമര യാത്രക്കു ശേഷം]

ഇനി തടവുകാരനല്ല ഞാന്‍...
സ്വാതന്ത്ര്യം ശുദ്ധവായു
എല്ലാമെനിക്കു സ്വന്തം.


ഇന്ന് തടവുകാരനല്ല ഞാന്‍...
ശുഭ്ര വസ്ത്രം അശരീരം,
നിശബ്ദന്‍ നിരാശന്‍ ഞാന്‍....
[ഈ ഭൂമിയില്‍ ഒരു മഞ്ഞുതുള്ളി പോലും ആകാതെ കളമൊഴിഞ്ഞ എന്‍റെ സാഹചരന്മാര്‍ക്ക്, സഹജീവികള്‍ക്ക് എന്‍റെ ബാഷ്പാഞ്ജലി]
...........................നിരാന്‍

Wednesday, October 7, 2009

പ്രണയ ലേഖനം


എന്‍റെ, എന്‍റെ മാത്രം പ്രണയിനിക്ക്,
ഞാന്‍ നിനക്കെഴുതുന്ന മൂന്നാം പ്രണയലേഖനം. എന്തെഴുതണമെന്നറിയില്ല... മുന്‍പ് നൂറുതവണപറഞ്ഞത് തന്നേ വീണ്ടും പ്രണയത്തെപ്പറ്റി.
.
..........നിലാവില്‍ നേര്‍ത്ത മഞ്ഞുതുള്ളി പോലെ നിശാഗന്ധിപ്പൂവിന്റെ സുഗന്ധവുമായി നീയെന്റെ അടുത്ത് വന്നു. പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ . പ്രണയം അണപൊട്ടി ഒലിച്ചുവീണുകൊണ്ടിരുന്നു. നൈമിഷികമാണ് നമ്മുടെ ജീവിതം. അടുത്ത പകല്‍ നിന്റെ മരണമാണ്. വീണ്ടും രാത്രിയില്‍ പൂക്കളുമായി നീ വരും, ഇത് പ്രതീക്ഷയാണ്. നിലാവും നക്ഷത്രങ്ങളും രാത്രിയെ സുന്ദരിയാക്കാന്‍ ശ്രമിക്കുന്നത് നീ കാണുന്നില്ലേ? ഇന്ന്, നിമിഷം നിന്നെ ഞാന്‍ മാത്രം കാണുന്നു, അറിയുന്നു, സ്പര്‍ശിക്കുന്നു. നിന്റെ ഓരോ വാക്കും വെണ്ണയുടെ സ്നിഗ്ധതയാകുമ്പോള്‍ നിന്റെ അഴക്‌ നിലാവുള്ള ആകാശത്തേക്കാള്‍ മനോഹരമാകുന്നത്‌ കാണാന്‍ ഞാന്‍ മാത്രം....
.......നീ അനാധയാണിനി...ഞാനും... എല്ലാം ഓര്‍ക്കുക. ഓര്‍മ്മയില്‍ ജ്വലിക്കനാണ് എനിക്കിഷ്ട്ടം സ്മരണകളുറങ്ങും ലോകത്ത് മരിക്കാനും. നിരാശയുടെ നിശബ്ദമായ പേടകത്തില്‍ നീയിന്നു തടങ്കലിലാണ്. പകല്‍ , അതൊഴിഞ്ഞാല്‍ വീണ്ടും പൂക്കമെന്ന പ്രതീക്ഷ മാത്രം ബാക്കി. എന്നും രാത്രി നിന്നെ കാണാന്‍ ഞാന്‍ എത്തും... ഇത് പ്രതീക്ഷയാണ്... രാത്രികള്‍ പകലുകളാവാന്‍ മത്സരിച്ചു. ഞാന്‍ എല്ലാ രാത്രിയും ആലോചിക്കും രാത്രി, ഇത് മാത്രം തീരാതിരുന്നെന്കില്‍ എന്ന്
കാറ്റ് മെല്ലെ നമ്മെ തഴുകി. നമ്മെ മാത്രമോ? നമ്മുടെ പ്രണയത്തെയും... പ്രണയം നാം പങ്കു വച്ചു നൂറ്റാണ്ടുകള്‍ , പ്രണയം മാത്രം... അതിരുകളില്ലാത്ത പ്രണയത്തിന്റെ വാക്താക്കളായി നാം. "അതിരുകളില്ലാത്ത പ്രണയം തിരിച്ചു പ്രതീക്ഷിക്കുന്നത് പ്രണയം മാത്രം അതിരുകളുള്ളതോ സ്വന്തം പ്രണയഭാജനത്തെ സ്വന്തമാക്കാനാഗ്രഹിക്കുന്നു" ഖലീല്‍ ജിബ്രാന്‍ പറഞ്ഞതിതാണ്. പ്രണയത്തിന്റെ പ്രവാചകന്‍, മനസ്സിന്റെ ഇരുന്ടിടുങ്ങിയ വഴികളില്‍ പ്രണയത്തിന്റെ പ്രകാശവുമായി വഴികാട്ടിയ പ്രവാചകന്‍ തന്നേ ആയിരുന്നു ജിബ്രാന്‍
..............മണല്‍ത്തരികളായിരുന്നു നാം. യുഗാന്തരങ്ങളുടെ നിസ്വനക്കാറ്റില്‍ നാം പിരിഞ്ഞതും. വീണ്ടും ഇവിടെ ഭൂമിയില്‍ അതേ മണല്‍ത്തരികളായി കണ്ടുമുട്ടാന്‍ കഴിഞ്ഞതും നിയോഗം മാത്രമാവാം . ഇനി മഴയാണ് ഓര്‍മ്മയുടെ മഴ അതു തീച്ചയായും നമ്മെ, നമ്മുടെസ്വപ്നങ്ങളെ നിഷ്ക്കരുണം തകര്‍ത്തെറിയും നിരാശരായി നാം ഒഴുകിയകലും. എങ്കിലും പ്രതീക്ഷ ബാക്കി. നിലാവിന്റെ തീരത്ത് വീണ്ടും ഇതേ മണല്‍ത്തരികളായി കണ്ടു മുട്ടാമെന്ന പ്രതീക്ഷ...
....ഇനി കുറെ നാള്‍ വിരഹമാണ്, കണ്ണീരിലലിഞ്ഞില്ലാതാവുന്ന വിരഹം. കണ്ണുനീര്‍ത്തുള്ളികള്‍ അവ മിഴിയോരത്ത്‌ കൂടിയോഴുകിയൊരു പുഴയായി...പ്രളയമായി. നാം പ്രളയത്തില്‍ വീണ്ടും ചിലപ്പോള്‍ ഒരുമിക്കാം..ഇതും പ്രതീക്ഷ മാത്രം...ഇനി ഒരു കാറ്റാവാം പ്രളയതാളത്തിന്റെ വേഗം കൂട്ടാന്‍.. എന്‍റെ(എന്റെമാത്രം) പ്രണയ സാഫല്യതിനായി മുന്നേറട്ടെ ഞാന്‍..
...... സഖീ വീണ്ടും കാണാം എന്ന് പറയില്ല... ശബ്ദവും വേണ്ട... പക്ഷെ എന്നും നിന്റെ അക്ഷരങ്ങളെ വേണം... നിന്നേക്കാള്‍ നിന്റെ രൂപത്തെക്കാള്‍ ഞാന്‍ നിന്റെ അക്ഷരങ്ങളെ പ്രണയിച്ചു. നിന്റെ മനസ്സാണിത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.. നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു
.............പ്രതീക്ഷകളോടെ സ്വന്തം നിരാന്‍