Monday, July 5, 2010

എന്‍റെ പ്രണയത്തിന്..... സ്നേഹപൂര്‍വ്വം

പ്രിയേ .... 
വികാരപ്പുകമണച്ചുവപ്പാര്‍ന്ന നിന്നധരത്തടിപ്പുകളില്‍ പ്രണയത്തുള്ളികളെ തേടിയലഞ്ഞ നിശാകാമുകനായിരുന്നു ഞാന്‍. കരിങ്കറുപ്പാര്ന്ന നിന്‍ കൃഷ്ണമണിഗോളങ്ങള്‍ തേടിയിരുന്നത് എന്തിനെയരുന്നു? മഴത്തുള്ളികളില്‍ മഴവില്ല് ചാലിച്ച മണ്ഡൂകസ്വരത്താരാട്ടില്‍ മതിമറന്നാടുന്ന ആകാശഭംഗിയോ?
നിലാവിന്റെ നീലത്തേരില്‍ ഭൂമിയില്‍ വിരുന്നെത്തി തിരിച്ചുപോയൊരു കൊള്ളിയാന്‍ വെട്ടമോ? വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ചിത്രങ്ങള്‍ക്കൊപ്പം മനസ്സും ചിതലരിക്കുമ്പോള്‍ നിലക്കാത്ത പ്രതീക്ഷയായി, ഒരു ആശ്വാസമഴയായി നീയെന്തിനാണ്‌ വീണ്ടുമെത്തുന്നത്?


അന്വേഷണങ്ങളില്‍ എന്നില്‍ പുതിയ മാറ്റങ്ങള്‍ ഒന്നും ആരും കണ്ടെത്തിയില്ല. പക്ഷെ എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു. എനിക്കോ എന്‍റെ മനസ്സിനോ, അല്ലങ്കില്‍ എന്‍റെ ചിന്തകള്‍ക്കോ ആവാം. വികലമായ പലതിനെയും ഉപേക്ഷിക്കാറായിരുന്നു. ഞാന്‍ എനിക്ക് വേണ്ടി മാത്രം എഴുതിത്തുടങ്ങി. ഒരു ശലഭം പ്യൂപ്പ ആകുന്നതു പോലെ എന്നെ അന്തര്‍മുഖനാക്കിയതും നിലാവിനെ കൂടുതല്‍ സ്നേഹിക്കാനും പ്രേരിപ്പിച്ചത് ഒരേ ഒരു വികാരമാണ്, പ്രണയം. ഒരു അഗ്നി വലയം പോലെ എന്നെ അതു പൊതിയുകയായിരുന്നു. നിന്നെ എന്നിലേക്ക്‌ വലിച്ചടുപ്പിച്ച ഒരു ആകര്‍ഷണ വലയം. ഇനി നമുക്ക് പ്രണയിക്കാം. കണ്ണും മൂക്കുമില്ലാതെ. മഴയെപ്പോലെ ഭൂമിയെ തഴുകിയൊഴുകാം. നിലക്കാത്ത വികാരച്ചാലുകളായി നമുക്കൊന്നിച്ച്‌ ഒഴുകിയകലാം. ഇനിയും കാണും കാണാതിരിക്കാനാവില്ലല്ലോ? എന്‍റെ തടവുകാരിയായ് വീണ്ടും പുലരാത്ത പുലരിക്കായി നീ കാത്തിരിക്കുന്നത് എന്തിനാണ്? നമുക്ക് കുറച്ചിട നേരം നടക്കാം. പ്രണയം കൈമാറി ഈ വാകമരച്ചോട്ടില്‍ അല്‍പ നേരം നില്‍ക്കാം. ഒരുനിമിഷത്തേക്ക് എല്ലാമൊന്നു മറക്കാം. നനുത്ത വിറയലോടെ തേന്‍ വഴിയുന്ന ചുണ്ടുകളെ ഒന്നിപ്പിക്കാം.

ഞാന്‍ നിറച്ച പ്രണയത്തിന്റെ നിറ കുടങ്ങളില്‍ നിന്നോഴുകിയൊലിച്ച വികൃത സ്വപ്നങ്ങളില്‍ എന്നും നീയുണ്ടായിരുന്നു. ഒരിക്കലും വറ്റാത്ത പുഴ പോലെ നീയൊഴുകി, പ്രളയ പ്രവാഹത്തില്‍ നുരഞ്ഞു പൊങ്ങിയ നീര്‍ക്കുമിളകളായി നിന്നെ പുണര്‍ന്നു ഞാനും. ഒഴുകിയകലുന്നത് ഒരിടത്തേക്ക് തന്നെ, എന്‍റെ (നിന്റെയും) പ്രണയത്തിന്റെ സാഗര ശവകുടീരത്തിലേക്ക്. അവിടെ പ്രണയം കൈമാറി നമുക്കല്‍പം വിശ്രമിക്കാം. 

ഈ ഇടവഴിയിലാണ് നാം അവസാനം കണ്ടത്... നമ്മുടെ ലോകം രണ്ടു വ്യത്യസ്ത തലങ്ങളില്‍ ആണെന്ന് മനസ്സിലാക്കിയത് ദാ ഈ മരത്തണലില്‍ പരസ്പരം കൈ കോര്‍ത്ത്‌ നിന്നപ്പോഴും, രണ്ടു നിലവിളികളുടെ ദൂരം.
അന്ന് കണ്ണിണ തുളുമ്പി നീ നില്‍ക്കുമ്പോള്‍ എന്‍റെ മുഖത്ത് ചാരിദാര്ധ്യത്തിന്റെ അഹങ്കാരമുണ്ടായിരുന്നോ? നിശയും നിലാവും നീലചായത്തില്‍ പൊതിഞ്ഞു നില്‍ക്കുമ്പോള്‍ നിന്റെ കണ്ണീര്‍ത്തുള്ളികളെ ഞാന്‍ കണ്ടതേയില്ല. നീയും എന്നെപ്പോലെ സ്വതന്ത്ര മനസ്സോടെ ചൊല്ലുമെന്ന് വെറുതെ ആശിച്ചു. വലിഞ്ഞു മുറുകിയ ചങ്ങലകളില്‍ കിടന്നും നീ എന്നെ നോക്കി ചിരിച്ചതിന്റെ കാരണം എനിക്കിന്നും അറിയില്ല. വീണ്ടും കാത്തിരിക്കാംഎന്നോ അതോ ഇനി ഒരിക്കലും കാണില്ലന്നോ?
ഇതുവരെ നമ്മുടെ വഴികള്‍ കൂട്ടിമുട്ടിയില്ല. നാളെ നാം വീണ്ടും കണ്ടുമുട്ടും. അതേ മരച്ചുവട്ടില്‍ പ്രണയം കൈമാറാന്‍, വീണ്ടും ഒന്നിക്കാന്‍,തെറ്റുകള്‍ പരസ്പരം ഏറ്റു പറയാന്‍... 

ഞാനും നീയും നിലാവിന്റെ നീലിമയില്‍ അലിഞ്ഞില്ലാതാവാന്‍ പോകുന്നു. അതിനിടയില്‍ നീ എന്നില്‍ ഉപേക്ഷിച്ച പ്രണയത്തിന്റെ കഷ്ണത്തെ ഒരു നോക്ക് കാണണം. ഇനിയും തിരിച്ചുപോകണം. എന്‍റെ ഓര്‍മ്മകളിലേക്ക്. അവിടെ നിന്ന് യാഥാസ്ഥിതിക ലോകത്തേക്ക് മിഴി തുറക്കുമ്പോള്‍ നാം വെറും മണല്‍ത്തരികള്‍ ആണെന്ന് തോന്നി. പ്രപഞ്ച സത്യങ്ങളുടെ ഭീകര ഗര്‍ത്തങ്ങളില്‍ നാം തടവിലായിരുന്നപ്പോഴും നിശബ്ദ താഴ്വരകള്‍ എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നില്ല.... ഇനിയും പ്രതീക്ഷകള്‍ ഇല്ല. എങ്കിലും ഞാനും ഇവിടെ കാത്തിരിക്കുന്നു. നിനക്കായി, നിന്റെ ഓര്‍മ്മകള്‍ക്കായി.....